കുവൈറ്റ് സിറ്റി: തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വെടിവെച്ചിട്ടതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചത്. രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ഡ്രോണുകളുടെ വരവുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
രാജ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുപ്രധാനമായ പൊതുസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അൽ ജദാൻ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് ആർമി, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ചേർന്ന് നാഷണൽ ഗാർഡ് ഏകോപിതമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.